10:13pm 03 May 2026
NEWS
മുന്നണി വിട്ടാൽ കേന്ദ്ര ഏജൻസികൾ പൂട്ടും; സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ആയതോടെ എൻസിപി ലയനസാധ്യതയും അടഞ്ഞു
02/02/2026  10:30 AM IST
nila
മുന്നണി വിട്ടാൽ കേന്ദ്ര ഏജൻസികൾ പൂട്ടും; സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ആയതോടെ എൻസിപി ലയനസാധ്യതയും അടഞ്ഞു

മുംബൈ: മഹരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ അധികാരമേറ്റതോടെ എൻസിപിയുടെ ഇരു വിഭാ​ഗങ്ങളും തമ്മിലുള്ള പുനരേകീകരണ സധ്യതകൾ മങ്ങി. തന്നോട് ആലോചിക്കാതെയാണ് സുനേത്ര പവാർ ഉപമുഖ്യമന്ത്രിയായത് എന്ന് ശരത് പവാർ തുറന്നു പറഞ്ഞു. ഇതോടെ എൻസിപി ലയനത്തിനുള്ള സാധ്യതകളും അടഞ്ഞിരിക്കുകയാണ്. എൻസിപി പുനരേകീകരണം എന്നത് അജിത് പവാറിന്റെ സ്വപ്നമായിരുന്നു എന്നാണ് ശരത് പവാർ പറയുന്നത്. അജിത്തിന്റെ മരണത്തോടെ തീരുമാനം തുലാസിലായിരിക്കുകയാണെന്നും ശരത് പവാർ തുറന്നു പറഞ്ഞു.

അതേസമയം, തങ്ങൾക്കെതിരായ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ നിന്നും രക്ഷപെടാൻ ബിജെപിക്കൊപ്പം നിൽക്കുകയല്ലാതെ സുനേത്രയ്ക്കും സംഘത്തിനും മറ്റു വഴികളില്ല. എൻസിപി (അജിത്) വർക്കിങ് പ്രസിഡന്റായ മുൻ കേന്ദ്രമന്ത്രി പ്രഫുൽ പട്ടേലിന്റെ നേതൃത്വത്തിലാണ് ഇത്തരമൊരു തീരുമാനം പാർട്ടി എടുത്തത്. പാർട്ടി സംസ്ഥാന പ്രസിഡന്റ് സുനിൽ തത്കരെ, മന്ത്രി ഛഗൻ ഭുജ്ബൽ, ധനഞ്ജയ് മുണ്ടെ എന്നിവർക്കും എൻസിപി ലയനത്തോടു യോജിപ്പില്ല. ഇവരിൽ പലരും സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ അന്വേഷണം നേരിടുന്നുണ്ട്. സുനേത്രയെ മുന്നിൽ നിർത്തി തങ്ങൾക്ക് ഭരണത്തിൽ ഇടപെടാമെന്നും ഇവർ കണക്കുകൂട്ടുന്നു. 

സഹകരണ ബാങ്കിലെ 25,000 കോടി രൂപയുടെ ക്രമക്കേടിൽ സുനേത്ര പവാറിന് ഉൾപ്പെടെ പൊലീസ് ക്ലീൻചിറ്റ് ലഭിച്ചെങ്കിലും ഇ.ഡി രംഗത്തെത്തിയതോടെ വിഷയം കോടതിയുടെ പരിഗണനയിലാണ്. ബിജെപിയുടെ സഖ്യകക്ഷിയായാൽ അന്വേഷണം ഒഴിവാക്കാനാകുമെന്നു നേതാക്കൾ സുനേത്രയെ ധരിപ്പിച്ചിട്ടുണ്ടാകുമെന്നാണു സൂചന. ശരദ് പവാറിനെ അടുപ്പിക്കാത്തതിനു പിന്നിൽ ബിജെപിയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സുനേത്രയെ നേതാവാക്കിയാൽ നയങ്ങളിൽ ഇടപെടാൻ കഴിയുമെന്നും പട്ടേലിന്റെ നേതൃത്വത്തിലുള്ളവർ പ്രതീക്ഷിക്കുന്നു. ബാരാമതിയിൽനിന്നു പവാർ മുംബൈയിലേക്കും സത്യപ്രതിജ്ഞയ്ക്കു മുംബൈയിലെത്തിയിരുന്ന സുനേത്ര ബാരാമതിയിലേക്കും മടങ്ങി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img